Powered By Blogger

Tuesday, July 27, 2010

നഗരത്തിലെ അവസാന രാത്രി
















ഒര്മകളിലാണ് ഞാന്‍ ജനിച്ചത്‌.വളര്‍ന്നതും ഓര്‍മകളില്‍ തന്നെ...ഓര്‍മകള്‍ക്കും മുന്പ് സ്വപ്നങ്ങളായിരുന്നു ...ഒരേ ഉറക്കത്തില്‍ കണ്ട നിരവധി സ്വപ്‌നങ്ങള്‍ ...
ഇവിടെ ,ഇന്നെനിക്കു എഴുതാന്‍ ബാക്കിയെന്താനുള്ളത്?...
ഹാ...ഒന്നുണ്ട് ഇത് എന്‍റെ അവസാന രാത്രിയാണ്..ഈ നഗരത്തിലെ എന്‍റെ അവസാന രാത്രി ...
വലിയൊരു ജനാവലി,ഏതോ രാഷ്ട്രീയ പാര്‍ട്ടിയുടെ സമ്മേളനം..ഒരേ നിറത്തിലുള്ള നിരവധി കൊടികളും ,മുഴങ്ങുന്ന മുദ്രാവാക്യങ്ങളും... ഇത് പോലെയുള്ള എത്രയോ സായാഹ്നങ്ങള്‍ ...എത്രയോ ബുദ്ധിജീവി സമ്മേളനങ്ങള്‍... പ്രസംഗങ്ങള്‍
..എല്ലാം ഈ അന്തരീക്ഷത്തിലെവിടെയെങ്ങിലും തങ്ങിനില്‍പ്പുണ്ടാവണം...
ഇവിടെ, ഈ നഗരത്തില്‍...ഈ തിരക്കില്‍... നിങ്ങള്ക്ക് വേണ്ടതെല്ലാമുണ്ട്...മനസ്സില്‍ തീ കോരിയിടുന്ന കവിഭാഷ്യത്തില്‍ വേണമെങ്ങില്‍...പീതസായാഹ്നങ്ങളുടെ വൈദ്യുതാലിംഗനം എന്നൊക്കെ പറയാം ...
ഒരു ഉള്ള്നാടന്‍ ഗ്രാമത്തില്‍ ജനിച്ച എനിക്ക് പതിനാലാം വയസ്സില്‍ ഈ നഗരമൊരു വിസ്മയമായിരുന്നു...ജീവിതത്തില്‍ അന്ന് വരെ കാണാതിരുന്നതെല്ലാം ...പിന്നീട് ഒരിക്കലും അറുത്തു മാറ്റാനാകാത്ത വിധം ഹൃദയത്തില്‍ പിണഞ്ഞു കൂടുമെന്ന് കരുതിയില്ല...
ആദ്യം പണമായിരുന്നു ആവശ്യം... അതിവിടെ ആവശ്യതിലധികവും ...ഈ നഗരം നിങ്ങള്ക്ക് വേണ്ടതെല്ലാം തരും... എന്നിട്ട് ...പകരം നിങ്ങളുടെ ഹൃദയം ചോദിക്കും...ഓര്‍മകളുടെ ഒരു മയക്കുമരുന്ന് ഇവിടെയുണ്ട് ...ഇവിടുത്തെ നിയോണ്‍ വെളിച്ചങ്ങളുടെയും...പൊടിപിടിച്ച സായാഹ്നങ്ങളുടെയും ആകെ തുക...
രാത്രിയില്‍..പല വര്‍ണങ്ങളില്‍ കത്തി നില്‍‍ക്കുന്ന നിരത്തുകള്‍ ...സിനിമാ തീയറ്ററുകള്‍ ,ഭക്ഷണശാലകള്‍,തുണിക്കടകള്‍..ക്ലബ്ബുകള്‍...
എല്ലാത്തിലും നല്ല തിരക്കായിരിക്കും...ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു...
ഒരു പ്രത്യേക ഒഴുക്കാണിവിടെ...നിലയ്യ്ക്കാത്ത ഒരു പ്രവാഹം ...മടുപ്പ് എന്ന വികാരത്തെ അവര്‍ ഈ ഒഴുക്കില്‍ മുക്കി കൊല്ലുകയാണെന്ന്...തോന്നിപോകും..
മനുഷന് പറയാനുള്ളത് ഇവിടെ യന്ത്രങ്ങള്‍ കടമെടുതിരിക്കയാണ്....ഫാക്ടറികള്‍ ,വാഹനങ്ങള്‍,ടിവി ,റേഡിയോ ..അങ്ങനെ നഗരം ശബ്ദമുഖരിതമാണ്..പരിചിതമായ ശബ്ധങ്ങളുണ്ട് ...പലപ്പോഴും...അവ..ഏതെങ്കിലും മാറാല പിടിച്ച കോണുകളില്‍..പോയി..മുഴങ്ങി..തിരിച്ചു വരുന്നു....അങ്ങനെ നിശബ്ദമായ ..തീര്‍ത്തും നിശബ്ദമായ ഒരു ലോകമാണ്..ഈ ശബ്ദങ്ങള്‍ എനിക്ക് നല്‍കുന്നത്...
മാറ്റം..ദ്രുതമായ,ഭ്രാന്തമായ മാറ്റം അത് നഗരത്തിനു മാത്രം സ്വന്തം ..ഓരോ ദിവസവും..പുതിയതൊന്നു ഉയര്‍ന്നു വരും..!!നഗരത്തിന്റെ ഒട്ടു മിക്ക കോണുകളിലും..ഓരോ കൂടുള്ള എനിക്ക്...പലപ്പോഴും...വെറും ആഴ്ചകളുടെ ഇടവേളകളില്‍ പോലും, തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ നഗരം മാറികൊണ്ടിരിക്കുന്നു...ഇപ്പൊ അത് നഗരത്തിന്റെത് പോലെ എന്റെയും ഭാഗമായിരിക്കുന്നു...
എല്ലാത്തിന്റെയും ഒരു സംമിശ്രണമാണ് ഇവിടം...സംസ്കാരങ്ങള്‍,ജീവിതാവസ്ഥകള്‍,
വികാരങ്ങള്‍ ...അങ്ങനെ പലതിന്റെയും..ഒരു അവിയല്‍ പരുവം..ആരോടും കൊട്ടിഘോഷിക്കപെടാനില്ലാതെ ഓരോരുത്തരും അവരവരുടെ ജീവിതം സ്വയം ജീവിച്ചു തീര്‍ക്കുന്നു..പരാതികളില്ല ...അവ കേള്‍ക്കാന്‍ ഇവിടെ ആര്‍ക്കും നെരോമില്ല ...
ചിലപ്പോള്‍ തോന്നും...ഞാനീ നഗരത്തില്‍ ഞെങ്ങി ഞെരുങ്ങുകയാണെന്നു..ചിലപ്പോള്‍ ഞാന്‍ സ്വയം ഒരു കൂടില്‍ കയറി ഞെരുങ്ങാന്‍ ഇഷ്ടപ്പെടും..ഒരു ദിവസം തന്നെ എത്രയോ മുഖങ്ങള്‍...
മുന്പ് പറഞ്ഞ ശബ്ദങ്ങളെ പോലെയല്ല...മനസ്സില്‍ ഇവയ്ക്കു ..ഒരു സ്ഥാനവും കൊടുക്കാന്‍ ഞാന്‍ മിനക്കെടാറില്ല...മറയുന്നു...മറവിയുടെ ഇരുളിലേക്ക്.. പരെതാത്മാക്കളെ പോലെ ...
മനസിന്റെ ചരടുകള്‍ മുറുകെ പിടിച്ചും,ഇടയ്ക്ക് അയച്ചു കൊടുത്തും സമനില തെറ്റാതെ ജീവിക്കുന്ന എന്നെ പോലുള്ളവര്‍ക്ക്...ഈ നഗരം ഒരു അനുഗ്രഹമാണ് ..ഇവിടെ ആരുമറിയാതെ തെരുവുകളിലും..ഇടവഴികളിലുംയി..ജീവിതത്തെ..ജീവിക്കാന്‍ വിട്ടിട്ടു..ഓര്‍മകളുടെ തീരത്ത് മനസിനെ കൊണ്ടിരുത്താറുണ്ട് ഞാന്‍.......


ഈ എഴുത്ത് എവിടെ നിറുത്തണ്ണം എന്നെനിക്കു നിശ്ചയമില്ല...കാരണം നിങ്ങള്‍ വിചാരിക്കുന്ന പോലെ ഇതൊരു കഥയോ കവിതയോ അല്ല...വെറും...വികാരങ്ങള്‍ മാത്രം...(ഒരു ചെറിയ വിചാരണയും..)

ഇ രാത്രി എന്റെ അവസാന രാത്രിയാണ്....നഷ്ടപെടാനും സ്വന്തമാക്കാനും ഇവിടെ ഒരുപാടുണ്ട്..പക്ഷെ ഞാന്‍ സ്വന്തമാക്കിയവയെ ഇവിടെ വിട്ടിട്ടു..നഷ്ടപെട്ടതിനെ തേടി പോവുകയാണ്....ഒരുപക്ഷെ.......ഞാന്‍ തിരിച്ചു വന്നേക്കാം..കാരണം...എന്‍റെ ആത്മാവ്...അതിവിടെ,ഈ നഗരത്തിലെവിടെയോ നഷ്ടപെട്ടിരിക്കുന്നു.....

1 comment: